ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തെക്കുറിച്ച് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടിനെ നിശിതമായി വിമര്‍ശിച്ച് അമേരിക്കയിലെ ട്രംപ് ഭരണകൂടം. ''ഭീകരര്‍'' എന്നതിന് പകരം ''വിഘടനവാദികള്‍'', ''തോക്കുധാരികള്‍'' തുടങ്ങിയ പദങ്ങള്‍ ഉപയോഗിച്ച് പ്രസിദ്ധീകരിച്ച വാര്‍ത്ത ഭീകരാക്രമണത്തിന്റെ ഗൗരവം കുറച്ചുകാണുന്നുവെന്ന് യുഎസ് ഹൗസ് വിദേശകാര്യ കമ്മിറ്റി കുറ്റപ്പെടുത്തി.
ന്യൂയോര്‍ക് ടൈംസ് വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് എക്‌സില്‍ പങ്കുവെച്ച കമ്മിറ്റി, ഈ വാര്‍ത്തയില്‍ വിഘടനവാദികള്‍ (militants) എന്ന ഇംഗ്ലീഷ് വാക്ക് വെട്ടി ഭീകരര്‍ എന്നര്‍ത്ഥം വരുന്ന Terrorists എന്ന ഇംഗ്ലീഷ് വാക്ക് ചുവന്ന അക്ഷരത്തില്‍ എഴുതിച്ചേര്‍ത്തു. ഇന്ത്യയിലും ഇസ്രയേലിലുമെല്ലാം നടക്കുന്ന ഭീകരാക്രമണങ്ങളോടുള്ള ന്യൂയോര്‍ക് ടൈംസിന്റെ നിലപാടിതാണെന്നും ഭീകരവാദത്തെ അങ്ങനെ തന്നെ പറയണമെന്നും കമ്മിറ്റി നിര്‍ദ്ദേശിക്കുന്നു.
പാകിസ്ഥാന്‍ ആസ്ഥാനമായുള്ള നിരോധിത ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബ കശ്മീരിലെ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന പ്രാദേശിക സംഘടനയുമായി ചേര്‍ന്നാണ് പഹല്‍ഗാമില്‍ ആക്രമണം നടത്തിയത്.