ഇന്ത്യക്കെതിരെ വീണ്ടും ഭീഷണിയുമായി പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. വെള്ളം നല്‍കിയില്ലെങ്കില്‍ യുദ്ധം, പാകിസ്ഥാന്‍ ആണവ രാഷ്ട്രമാണെന്ന കാര്യം മറക്കരുതെന്നും മന്ത്രി പറഞ്ഞു. സിന്ധു നദീജല കരാര്‍ റദ്ദാക്കാനുള്ള ഇന്ത്യയുടെ നീക്കത്തിന് പിന്നാലെയാണ് പാകിസ്ഥാന്റെ ഭീഷണി. പിന്നാലെ നിയന്ത്രണ രേഖയില്‍ ഇന്നലെ രാത്രിയും പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായി.
പാകിസ്ഥാന്‍ ഭീകരവാദികളെ സഹായിക്കാറുണ്ടെന്ന് വെളിപ്പെടുത്തി ഖവാജ ആസിഫ് ഇന്നലെ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഭീകരവാദികള്‍ക്ക് സാമ്പത്തിക സഹായവും പരിശീലനവും നല്‍കുന്നുണ്ട് എന്നാണ് ഖവാജ ആസിഫ് വെളിപ്പെടുത്തിയത്. ഇസ്ലാമാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് പാക് പ്രതിരോധമന്ത്രി നിര്‍ണായക വെളിപ്പടുത്തല്‍ നടത്തിയത്. പാകിസ്ഥാന്‍ ഭീകരവാദികള്‍ക്ക് സഹായം ചെയ്യുന്നുണ്ടെന്ന് ഇന്ത്യ നിരന്തരം ആരോപിക്കുന്നതിനിടെയാണ് പാക് മന്ത്രിയുടെ വെളിപ്പെടുത്തല്‍.
എന്നാല്‍ ഭീകരവാദികളെ സഹായിക്കാന്‍ പാകിസ്ഥാന്‍ നിര്‍ബന്ധിതമായതിന് പിന്നില്‍ പാശ്ചാത്യ രാജ്യങ്ങളായിരുന്നുവെന്നാണ് മന്ത്രിയുടെ ന്യായീകരണം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി യുഎസിനും, ബ്രിട്ടണുള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ക്കും വേണ്ടിയാണ് ഈ പ്രവൃത്തി ഞങ്ങള്‍ ചെയ്തുകൊണ്ടിരുന്നതെന്ന് ഖവാജ ആസിഫ് പറഞ്ഞു. എന്നാല്‍ അതൊരു വലിയ തെറ്റായിരുന്നുവെന്നും പാകിസ്ഥാന്‍ ഇപ്പോള്‍ അതിന്റെ പരിണിത ഫലങ്ങള്‍ നേരിടുകയാണെന്നും പാക് പ്രതിരോധ മന്ത്രി വിശദീകരിച്ചു.