പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യയുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് ലോകരാജ്യങ്ങളും നേതാക്കളും. അമേരിക്കയുടെ എല്ലാവിധ പിന്തുണയും ഇന്ത്യയ്ക്കുണ്ടാകുമെന്ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അറിയിച്ചു.
'പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രധാനമന്ത്രി മോദിയെ വിളിച്ച് കശ്മീര്‍ ഭീകരാക്രമണത്തില്‍ നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ അനുശോചനമറിയിച്ചു. സംഭവത്തെ അപലപിച്ച ട്രംപ്, ക്രൂരകൃത്യത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് നീതി ഉറപ്പിക്കാനായി അമേരിക്ക എല്ലാ പിന്തുണയും നല്‍കുമെന്ന് വ്യക്തമാക്കി. ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയും യുഎസും ഒന്നിച്ച് നില്‍ക്കും' -വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ എക്സില്‍ കുറിച്ചു.
ഭീകരാക്രമണത്തെ അപലപിച്ച് ട്രംപ്, ട്രൂത്ത് സോഷ്യലിലും പോസ്റ്റ് പങ്കുവെച്ചിരുന്നു. 'കശ്മീരില്‍നിന്ന് ഏറെ അസ്വസ്ഥപ്പെടുത്തുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഭീകരതക്കെതിരായ പോരാട്ടത്തില്‍ യു.എസ് ഇന്ത്യക്കൊപ്പം നില്‍ക്കും. മരിച്ചവരുടെ ആത്മാവിനു വേണ്ടി പ്രാര്‍ഥിക്കുന്നു, പരിക്കേറ്റവര്‍ വേഗം തിരിച്ചെത്തട്ടെ. പ്രധാനമന്ത്രി മോദിക്കും ഇന്ത്യന്‍ ജനതക്കും എല്ലാ പിന്തുണയും ഉറപ്പുനല്‍കുന്നു. ഞങ്ങളുടെ ഹൃദയം നിങ്ങള്‍ക്കൊപ്പമാണ്' -ട്രംപ് കുറിച്ചു.
ഭീകരവാദത്തിനെതിരെ ഇന്ത്യക്കൊപ്പം ശക്തമായി നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. ട്രംപ് മോദിയെ ഫോണില്‍ വിളിക്കുകയും ചെയ്തു. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും ആക്രമണത്തെ അപലപിച്ചു. അക്രമികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ അറിയിച്ചു. ഇന്ത്യയ്‌ക്കൊപ്പം ഉണ്ടാകുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു പ്രതികരിച്ചു. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും വ്യക്തമാക്കി. സൗദി കിരീടാവകാശിയും ഇന്ത്യയിലെ ഇസ്രയേല്‍, സിംഗപ്പൂര്‍ എംബസികളും ആക്രമണത്തില്‍ അനുശോചനം രേഖപ്പെടുത്തി.