യുക്മ ലയ്‌സണ്‍ ഓഫീസറായി മുന്‍ ദേശീയ പ്രസിഡന്റും യുക്മ ചാരിറ്റി ഫൌണ്ടേഷന്‍ ട്രസ്റ്റി ബോര്‍ഡ് അംഗവുമായ മനോജ്കുമാര്‍ പിള്ളയെ യുക്മ ദേശീയ നിര്‍വ്വാഹക സമിതി നിയമിച്ചതായി ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ അറിയിച്ചു. 2022 - 2025 കാലയളവില്‍ ലയ്‌സണ്‍ ഓഫീസറായി പ്രവര്‍ത്തിച്ച മനോജ്കുമാര്‍ പിള്ളയുടെ പ്രവര്‍ത്തന മികവിനുള്ള അംഗീകാരം കൂടിയാണ് ഈ തുടര്‍ നിയമനം.
യുക്മയുടെ ആരംഭകാലം മുതല്‍ യുക്മ സഹയാത്രികനായിരുന്ന മനോജ് 2019 - 2022 കാലയളവില്‍ സംഘടനയുടെ ദേശീയ പ്രസിഡന്റായിരുന്നു. യുക്മ ഏറെ വെല്ലുവിളികള്‍ നേരിട്ട ഒരു കാലയളവില്‍ തികഞ്ഞ സമചിത്തതയോടെയും ദീര്‍ഘവീക്ഷണത്തോടും കൂടി സംഘടനയെ മുന്നോട്ട് നയിച്ച മനോജിന്റെ പ്രവര്‍ത്തന മികവ് യുക്മയെ കൂടുതല്‍ ശക്തമാക്കി. യുക്മ സൌത്ത് ഈസ്റ്റ് - സൌത്ത് വെസ്റ്റ് റീജിയന്‍ ജനറല്‍ സെക്രട്ടറി, റീജിയണല്‍ പ്രസിഡന്റ്, യുക്മ സാംസ്‌കാരിക വേദി ജനറല്‍ കണ്‍വീനര്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുള്ള മനോജ് ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയുടെ (DKC) സജീവാംഗമാണ്.
യുക്മയിലെ ഏറ്റവും സജീവമായ സംഘടനകളിലൊന്നായ ഡി.കെ.സിയുടെ മുന്‍ പ്രസിഡന്റ് കൂടിയായ മനോജ്, ഡോര്‍സെറ്റ് ഇന്ത്യന്‍ മേളയുടെ മുഖ്യ സംഘാടകന്‍ കൂടിയാണ്. വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ കൂട്ടായ്മയില്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന ഈ ഭാരതീയ സാംസ്‌കാരിക മേളയില്‍ മലയാളി സമൂഹത്തിന്റെ പ്രതിനിധിയാണ് മനോജ്. ഒരു തികഞ്ഞ കായികപ്രേമിയായ മനോജ് പ്രാദേശിക ക്രിക്കറ്റ് ലീഗില്‍ കളിയ്ക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ക്രിക്കറ്റ് ക്‌ളബ്ബ് ചെയര്‍മാന്‍ സ്ഥാനവും വഹിക്കുന്നു.
ട്രാന്‍സ്‌പോര്‍ട്ട് രംഗത്തെ പ്രമുഖ കമ്പനിയായ ഗോ സൌത്ത് കോസ്റ്റ് ലിമിറ്റഡില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന മനോജിന്റെ ഭാര്യ ജലജ പൂള്‍ എന്‍.എച്ച്.എസ്സ് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നു. ജോഷിക (രണ്ടാം വര്‍ഷ ഡെന്റല്‍ മെഡിസിന്‍ വിദ്യാര്‍ത്ഥിനി), ആഷിക (ഇയര്‍ 10 വിദ്യാര്‍ത്ഥിനി), ധനുഷ് (ഇയര്‍ 7 വിദ്യാര്‍ത്ഥി) എന്നിവര്‍ മക്കളാണ്.
പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കേരള, ഭാരത സര്‍ക്കാരുകളുടെ പിന്തുണ ഉറപ്പാക്കുന്നതിനും യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍, നോര്‍ക്ക, പ്രവാസി ഭാരതീയ സെല്‍ തുടങ്ങിയവയുമായി യുക്മയുടെ സഹകരണം ഉറപ്പാക്കുന്നതിനും മനോജിന്റെ പ്രവര്‍ത്തനങ്ങള്‍ സഹായകരമാകുമെന്ന് യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ പറഞ്ഞു.
കുര്യന്‍ ജോര്‍ജ്ജ്
(നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍)