സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും ജാന്‍വി കപൂറും ഒരുമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പരം സുന്ദരി. ചിത്രത്തിന്റെ ട്രെയിലര്‍ ഏറെ പ്രശംസ നേടിയെങ്കിലും വൈകാതെ തന്നെ അത് ഒരു വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ്. സിദ്ധാര്‍ത്ഥിന്റെ പരം എന്ന കഥാപാത്രവും ജാന്‍വിയുടെ സുന്ദരി എന്ന കഥാപാത്രവും തമ്മിലുള്ള ഒരു പള്ളിയിലെ പ്രണയ രംഗത്തോടെയാണ് ചിത്രത്തിന്റെ ട്രെയിലര്‍ ആരംഭിക്കുന്നത്. ഈ രംഗമാണ് ഇപ്പോള്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
പള്ളിയിലെ റൊമാന്‍സ് രംഗങ്ങള്‍ക്ക് എതിരെ വാച്ച്‌ഡോഗ് ഫൗണ്ടേഷന്‍ എന്ന ഒരു ക്രിസ്ത്യന്‍ സംഘടന രംഗത്തെത്തി. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷനെ ശക്തമായ പ്രതിഷേധം അറിയിച്ച സംഘടന ചിത്രത്തിലെ രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇക്കാര്യം ചൂണ്ടിക്കാട്ടി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്സി), മുംബൈ പൊലീസ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം, മഹാരാഷ്ട്ര സര്‍ക്കാര്‍ എന്നിവര്‍ക്ക് വാച്ച്‌ഡോഗ് ഫൗണ്ടേഷന്‍ കത്തയച്ചു.
ക്രിസ്ത്യാനികളുടെ പവിത്രമായ ആരാധനാലയമാണ് പള്ളി. അതിനെ അസഭ്യമായ ഉള്ളടക്കത്തിനുള്ള വേദിയായി ചിത്രീകരിക്കരുത്. ഈ ചിത്രീകരണം മതപരമായ ആരാധനാലയത്തിന്റെ ആത്മീയ പവിത്രതയെ അനാദരിക്കുക മാത്രമല്ല കത്തോലിക്കാ സമൂഹത്തിന്റെ മതവികാരത്തെ ആഴത്തില്‍ വ്രണപ്പെടുത്തുകയും ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് വാച്ച് ഡോഗ് ഫൗണ്ടേഷന്‍ കത്തയച്ചിരിക്കുന്നത്.