കര്‍ണാടകയില്‍ സര്‍വ്വീസിനിടെ ബസ് നിര്‍ത്തിയിട്ട് നിസ്‌കരിച്ച ഡ്രൈവര്‍ക്ക് സസ്പന്‍ഷന്‍. ഹാവേരി -ഹുബ്ബള്ളി റൂട്ടില്‍ സര്‍വീസ് നടത്തുന്നതിനിടെയാണ് ജനങ്ങളുമായി സഞ്ചരിച്ച കര്‍ണാടക ആര്‍ടിസി ബസ് ഡ്രൈവര്‍ എ ആര്‍ മുല്ല വാഹനം നിര്‍ത്തിയിട്ട് നിസ്‌കരിച്ചത്. തുടര്‍ന്ന് ബസിലെ യാത്രക്കാരുടെ യാത്ര വൈകിപ്പിച്ചതായി ആരോപിച്ച് മുല്ല നിസ്‌കരിക്കുന്ന വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇതിനെ തുടര്‍ന്ന് ഡ്യൂട്ടിക്കിടെ മതപരമായ കാര്യങ്ങള്‍ ചെയ്തത് കെഎസ്ആര്‍ടിസിക്ക് അവമതിപ്പുണ്ടാക്കി എന്ന് ചൂണ്ടിക്കാട്ടി മുല്ലയെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. ഗതാഗതമന്ത്രി രാമലിംഗറെഡ്ഡിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. ഏപ്രില്‍ 29 നാണ് സംഭവം നടന്നത്.
'ഒരു പൊതു സേവനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ ചില നിയമങ്ങളും ചട്ടങ്ങളും നിര്‍ബന്ധമായും പാലിക്കേണ്ടതുണ്ട്. എല്ലാവര്‍ക്കും ഏത് മതവും ആചരിക്കാന്‍ അവകാശമുണ്ടെങ്കിലും, ഓഫീസ് സമയങ്ങളില്‍ ഒഴികെ അവര്‍ക്ക് അങ്ങനെ ചെയ്യാന്‍ കഴിയും. ബസില്‍ യാത്രക്കാര്‍ യാത്ര ചെയ്യുമ്പോഴും ബസ് പകുതി വഴിയില്‍ നിര്‍ത്തി നമസ്‌കരിക്കുന്നത് തെറ്റാണ്', മന്ത്രി റെഡ്ഡി തന്റെ പ്രസ്താവനയില്‍ പറഞ്ഞു.