പഹല്‍ഗാം ഭീകരാക്രമണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ്, ആക്രമണം നടക്കുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. ജമ്മു കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍, പ്രത്യേകിച്ച് ശ്രീനഗറിലെ ഹോട്ടലുകള്‍ ആക്രമിക്കാന്‍ തീവ്രവാദികള്‍ പദ്ധതിയിടുന്നുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ ശ്രീനഗറില്‍ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.
കഴിഞ്ഞ മാസം 19ന് ആക്രമണം നടക്കുമെന്നായിരുന്നു രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നത്. വിനോദസഞ്ചാരികളെയും ഹോട്ടലുകളെയും ലക്ഷ്യമിടുന്ന ഭീകരവാദ പദ്ധതികളെക്കുറിച്ച് ആണ് ഇന്റലിജന്‍സ് പറഞ്ഞിരുന്നത്. ജമ്മു കശ്മീരിലെ ആക്രമണ സാദ്യതയുള്ള പ്രദേശങ്ങള്‍ അതിനാല്‍ നിരീക്ഷണത്തില്‍ ആയിരുന്നു.
എന്നാല്‍ ഭീകര പ്രവര്‍ത്തനങ്ങളുടെയോ ആക്രമണങ്ങളുടെയോ ചരിത്രമില്ലാത്ത ബൈസരനെക്കുറിച്ച് ആക്രമണം നടക്കുമെന്നതിനെ സംബന്ധിച്ച് സൂചനകള്‍ ഉണ്ടായിരുന്നില്ല എന്നാണ് വിവരം. നിരവധി പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഹോട്ടലുകളിലും സുരക്ഷ കര്‍ശനമാക്കുന്നതിനായി ജമ്മു കശ്മീര്‍ പൊലീസ് ശ്രീനഗറില്‍ ക്യാമ്പ് ചെയ്തിരുന്നതായും രഹസ്യാന്വേഷണ വിഭാഗം പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.